India
July 19, 2024
മാറ്റമുണ്ടാക്കും എ.ഐ. കാലം ……
BIZ Brand Blog Edu World Success Stories

മാറ്റമുണ്ടാക്കും എ.ഐ. കാലം ……

May 2, 2024

തൊഴിലാളിയെന്നാൽ ഖനികളിൽ ജോലിചെയ്യുന്നവരെന്നോ വലിയ ചുമടെടുക്കുന്നവരെന്നോ ഒക്കെയാണ് പരമ്പരാഗതമായി നാം കരുതിപ്പോരുന്നത്. ഇന്നു നല്ലൊരുവിഭാഗം ആളുകൾ കായികശക്തി ഉപയോഗിച്ചല്ല ജോലിചെയ്യുന്നത്. ഫാക്ടറിക്കകത്തുപോലും യന്ത്രങ്ങളുംമറ്റും ഉപയോഗിച്ചാണ് ജോലിചെയ്യുന്നത്. ഈ ഘട്ടത്തിലാണ് നിർമിതബുദ്ധിയുടെ രംഗപ്രവേശം. അതു തൊഴിൽരംഗം എത്രത്തോളം കവർന്നെടുക്കുമെന്നതു പ്രസക്തമായ വിഷയമാണ്. അതിന്റെ ഉത്തരം അത്ര വ്യക്തമല്ലെങ്കിലും ഒരുപാടു ജോലികൾക്കു മാറ്റമുണ്ടാകും. തൊഴിൽ ഇല്ലാതാവുകയല്ല, ചില തൊഴിലുകൾക്കുപകരം മറ്റൊരുതൊഴിൽ ഉണ്ടാകുകയാണ്. അതുപക്ഷേ, പരമ്പരാഗത തൊഴിൽ നഷ്ടപ്പെടുന്നവർക്കുതന്നെ കിട്ടണമെന്നില്ല. മാറുന്നസാഹചര്യത്തിനനുസരിച്ച് നൈപുണിവികസനം നടത്തിയില്ലെങ്കിൽ പുതിയ അവസരം ലഭിക്കണമെന്നുമില്ല. അതേസമയം തൊഴിൽ എത്രത്തോളം നഷ്ടപ്പെടുമെന്നു വ്യക്തമായി പ്രവചിക്കാനാകില്ല.
വ്യാവസായികവിപ്ലവം വന്നപ്പോൾ ഒരുപാടുതൊഴിലുകൾ നഷ്ടമാകുകയും പുതിയതൊഴിലുകൾ സൃഷ്ടിക്കപ്പെടുകയുംചെയ്തു. അന്നും കായികശേഷി ആവശ്യമായ തൊഴിലുകളാണ് നമുക്കുനഷ്ടമായത്. കടത്തുകാരനുപകരം ബോട്ടും നാരായംകൊണ്ട് എഴുതുന്നതിനുപകരം അച്ചടിയന്ത്രവും വന്നത് ഉദാഹരണം. അതു ചിലർക്ക് തൊഴിൽനഷ്ടമാക്കി, മറ്റുചിലർക്കു കിട്ടുകയുംചെയ്തു. നിർമിതബുദ്ധി വന്നപ്പോൾ ബൗദ്ധികമായി നിർവഹിച്ചിരുന്ന തൊഴിലുകൾക്ക് മാറ്റമുണ്ടാവുകയാണ്. നാരായം ഉപയോഗിച്ചെഴുതുന്നത് കംപ്യൂട്ടർ വന്നപ്പോൾ മാറിയെങ്കിലും ടൈപ്പും രൂപകല്പനയുമൊക്കെ ഒരുപരിധിവരെ നിലനിന്നു. ഇപ്പോൾ ടൈപ്പിങ്ങിന്റെതന്നെ ആവശ്യമില്ലെന്നുവന്നിരിക്കുന്നു. ടൈപ്പിസ്റ്റുതന്നെ ഇപ്പോൾ ആവശ്യമില്ല. അതുപോലെ മാറ്റംവന്നൊരു മേഖലയാണ് ഫോട്ടോഗ്രഫി. രാസഘടകങ്ങൾ ഉപയോഗിച്ചു ഫോട്ടോ തയ്യാറാക്കുന്നതിനുപകരം ഗണിതശാസ്ത്രം പ്രയോജനപ്പെടുത്തി ഡിജിറ്റൽ ഫോട്ടോഗ്രഫി നിലവിൽവന്നു. അതോടെ പരമ്പരാഗത സ്റ്റുഡിയോജോലികൾ ഇല്ലാതായി. അടുത്തഘട്ടമായി ജനറേറ്റീവ് എ.ഐ. ഉപയോഗിച്ച് നിമിഷാർധംകൊണ്ട് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനാകുന്നു. നിർമിതബുദ്ധി തൊഴിലവസരങ്ങളിൽ മാറ്റമുണ്ടാക്കുന്നതിനൊപ്പം ക്രിയാത്മകജോലിചെയ്യുമ്പോൾ ലഭിക്കുന്ന ആനന്ദത്തിനുള്ള അവസരങ്ങളും ഇല്ലാതാക്കിക്കഴിഞ്ഞു. വ്യാവസായികവിപ്ലവവും അതാണുചെയ്തത്.
സർഗാത്മകപ്രവൃത്തികൾ ഒരു തൊഴിൽ എന്നുപറയാനാകില്ലെങ്കിലും അതു മനുഷ്യനെ പൂർണനാക്കുകയും ആനന്ദംനൽകുകയും ചെയ്യുന്ന പ്രവൃത്തിയാണ്. കവിതയും കഥയുമെഴുതുന്നതുവരെ നിർമിതബുദ്ധി കൊണ്ടുപോവുകയാണ്. അതു നിലവിൽ മനുഷ്യന്റെ സർഗശേഷിക്കു തുല്യമല്ല. നിർമിതബുദ്ധിയുടെ ശൈശവമാണ്. അതു മനുഷ്യബുദ്ധിയെയും സർഗശേഷിയെയും മറികടന്നുപോകുകതന്നെചെയ്യും. സർഗപ്രവർത്തനത്തിനുള്ള വേദി നിർമിതബുദ്ധിയുമായി പങ്കിടേണ്ടിവരും. പഠനം, അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് അതുപയോഗിക്കാനാകും. അപ്പോൾത്തന്നെ തൊഴിൽരംഗത്തുനിന്ന് അധ്യാപകനെ മാറ്റിനിർത്താനാകില്ല. സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ആനന്ദത്തെയും അട്ടിമറിക്കുന്നരീതിയിലുള്ള വ്യതിചലനം ഉണ്ടാകുമെന്നാണു നാം ഭയക്കുന്നത്. അങ്ങനെവരുമ്പോൾ പാവപ്പെട്ടവർക്കുള്ള ക്ഷേമപ്പെൻഷനുപകരം സാർവത്രികപെൻഷൻ ആവിഷ്‌കരിക്കേണ്ടിവരുമെന്നുവരെ ഭയപ്പെടുന്നുണ്ട്. അതിനുതകുന്നരീതയിൽ സമ്പത്ത് ഉത്പാദിപ്പിക്കാനുള്ള അവസരം നമുക്കു നിർമിതബുദ്ധി തരുമെന്നാണു കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *